രാഹുല്‍ ഫെസ്റ്റിവലിനൊരുങ്ങാം
Source - http://berlytharangal.com/?p=6337കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കല്യാണത്തിന് അദ്ദേഹം വന്നുപോയതിന്‍റെ കുളിര് മാറിയിട്ടില്ല. ദേ, പിന്നേം വരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയാണ് കേരളമാധ്യമങ്ങളെ അനുഗ്രഹിക്കാന്‍ വീണ്ടും വരുന്നത്. കഴിഞ്ഞ വരവിലെ വിശേഷങ്ങള്‍ മൂന്നു ദിവസത്തോളം മലയാള മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. ഇത്തവണ അദ്ദേഹം മുന്നു ദിവസത്തോളം ഇവിടുണ്ടാവുമെന്നതിനാല്‍ വിശേഷങ്ങള്‍ ആറു ദിവസത്തോളം കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യാം.
രാഹുല്‍ജിയുടെ വരവ് കാത്തിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധ പതിപ്പിക്കേണ്ടതും അന്വേഷണം നടത്തേണ്ടതും റിപ്പോര്‍ട്ട് ചെയ്യേണ്ടതുമായ ചില മേഖലകള്‍ ശ്രദ്ധയില്‍ പെടുത്തുന്നു. ഇതൊക്കെ കാണാന്‍ ജനം ആവേശത്തോടെ കാത്തിരിക്കുകയാണല്ലോ.
1. അദ്ദേഹം പ്രത്യേക വിമാനത്തില്‍ വരാനുള്ള സാധ്യത തുലോം വിരളമാണ്. പ്രത്യേക വിമാനം കാലിയടിച്ച് വിട്ടിട്ട് അതിന്‍റെ പിന്നാലെയുള്ള ലോക്കല്‍ വിമാനത്തില്‍ എക്കോണമി ക്ലാസ്സിലെ വരാന്‍ വഴിയുള്ളൂ. അങ്ങനെയാണെങ്കില്‍ എക്കോണമി ക്ലാസ് തിരഞ്ഞെടുത്തതിന്‍റെ രാഷ്ട്രീയത്തെപ്പറ്റി ഒരു റിപ്പോര്‍ട്ട്. പണ്ട്, എക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്നു വിശേഷിപ്പിച്ച ശശി തരൂരിനുള്ള കനത്ത അടിയായി ഈ യാത്രയെ കാണാമോ എന്നൊരന്വേഷണറിപ്പോര്‍ട്ട്, ഒപ്പം തരൂരിന്‍റെ പ്രതികരണം.
2. അദ്ദേഹത്തിന്‍റെ വേഷം, അതിന്‍റെ നിറം, ഡിസൈന്‍, തുണി ഏതു മില്ലിലുണ്ടാക്കിയത്, പരുത്തിയോ പോളിസ്റ്ററോ നൈലോണോ, അയഞ്ഞതോ മുറുകിയതോ, അകത്ത് ബനിയനിട്ടിട്ടുണ്ടോ ഇല്ലയോ, മുഖം ഫുള്ളായി ഷേവ് ചെയ്തോ അതോ കുറ്റിത്താടിയുണ്ടോ,മുടി അലസമായിട്ടിരിക്കുകയാണോ അതോ ചീകി വച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ ജെല്ല് പുരട്ടിയാണോ പുരട്ടാതെയാണോ, ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരിയാണോ അതോ ഗൗരവമാണോ, അരികിലിരുന്നയാളോട് കുശലം പറഞ്ഞോ ഇല്ലയോ, പറഞ്ഞെങ്കില്‍ എന്താണ്, അതിന്‍റെ രാഷ്ട്രീയമെന്താണ് (അരികിലിരുന്നയാളെ പേഴ്‍സണലായി കണ്ട് വിസ്മയവും ഞെട്ടലും പ്രകടമാക്കുന്ന അനുഭവക്കുറിപ്പ് വേറെ വാങ്ങാം), ഇടയ്‍ക്ക് സ്ഥലമായോ എന്നറിയാല്‍ വിന്‍ഡോയിലൂടെ പുറത്തേക്കു നോക്കിയോ ഇല്ലയോ, ഉറങ്ങിയോ ഇല്ലയോ, എയര്‍ ഹോസ്റ്റസുമാരുടെ ബുദ്ധിമുട്ടുകളെപ്പറ്റി അവരോട് ചര്‍ച്ച ചെയ്തോ, കോക്പിറ്റില്‍ പോയിരുന്ന് പൈലറ്റ് ഉറങ്ങാതെ വര്‍ത്തമാനം പറഞ്ഞോ, വിമാനത്തിലുണ്ടായിരുന്ന അശ്ശേശം ദരിദ്രരായ ആരെയെങ്കിലും ആലിംഗനം ചെയ്യുകയോ മറ്റോ ചെയ്തോ, ഇടയ്‍ക്ക് എന്താണ് കഴിച്ചതും കുടിച്ചതും, അതില്‍ തന്നെ ആദ്യം എന്താണ് കഴിച്ചത്, കഴിക്കുമ്പോള്‍ മുഖത്തെ ഭാവം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പ്രത്യേക സംഘത്തെ അയക്കാം.
3. വന്നിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ നിന്നവരില്‍ ആരെയാണ് അദ്ദേഹം ആദ്യം നോക്കിയത്, എത്ര സെക്കന്‍ഡ് കൈവീശി നിന്നു, ആരെയാണ് ആദ്യം തൊട്ടത്, ആരോടാണ് ആദ്യം സംസാരിച്ചത്, എന്താണ് സംസാരിച്ചത്, മുഖത്ത് യാത്രാക്ഷീണമുണ്ടായിരുന്നോ, വിമാനത്താവളത്തിലെ തൂപ്പുകാരോട് കുശലം പറയുകയും അവരുടെ ബുദ്ധിമുട്ടുകളെപ്പറ്റി അന്വേഷിക്കുകയും ചെയ്തോ, എത്ര സമയം അതിനകത്ത് നിന്നു തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കണം.
4. ഇനിയാണ് പ്രധാനഭാഗം. പൊതുജനത്തിനു ലഭ്യമാക്കേണ്ട സേവനങ്ങള്‍ മാറ്റി വച്ച്, രാവിലെ മുതല്‍ തേച്ചുമിനുക്കിയ യൂണിഫോമണിഞ്ഞ് നെഞ്ചിടിപ്പോടെ എസ്കോര്‍ട്ടുമായി കാത്തു നില്‍ക്കുന്ന പൊലീസുകാരെ വിഡ്ഢികളാക്കാന്‍ എന്തു സൂത്രമായിരിക്കും അദ്ദേഹം ആവിഷ്കരിക്കുക എന്നത് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം. പൊലീസുകാരുടെ കണ്ണില്‍പ്പെടാതെ പിന്നിലത്തെ മുള്ളുവേലി ചാടിക്കടന്ന് അദ്ദേഹം ഓട്ടോറിക്ഷ ലക്ഷ്യമാക്കി നടക്കുന്നതോ മറ്റോ ആയ ഒരു വിഷ്വല്‍ കിട്ടിയാല്‍ ജയിച്ചു. അത്തരമൊരു സാധ്യത മുന്നില്‍ കണ്ട് ചാനല്‍ അല്ലെങ്കില്‍ പത്രത്തിന്‍റെ വകയായി ഒരു റിപ്പോര്‍ട്ടറെ ഓട്ടോക്കാരനായി വേഷം കെട്ടിച്ച് ആ പരിസരത്ത് കിടത്താവുന്നതാണ്. നേരത്തെ ലൈവിനായി സെറ്റ് ചെയ്ത ചെറുക്യാമറയുമായി കിടക്കുന്ന ഓട്ടോയില്‍ അദ്ദേഹം കയറിക്കിട്ടിയാല്‍ ബാക്കി ചാനലുകാരുടെ കാര്യം ഊ..ഞ്ഞാലാകും. ഓട്ടോ ഓടിക്കുന്നത് സ്വന്തം ലേഖകന്‍ തന്നെയാണെങ്കില്‍ ഓട്ടോക്കാരനോട് സംസാരിച്ച് അനുഭവക്കുറിപ്പ് തയ്യാറാക്കുന്ന ജോലി പകുതിയാകും.
5. വിവിഐപിയെ എസ്കോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ട പൊലീസുകാരില്‍ സസ്പെന്‍ഷന്‍ ലഭിക്കുന്നവരുടെ പേരും മറ്റും മറ്റൊരു റിപ്പോര്‍ട്ടായി തന്നെ കൊടുക്കുന്നതാണ് നല്ലത്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ സിപിഎം ബോധപൂര്‍വം വീഴ്ച വരുത്തി എന്ന ഉപകഥയുമാവാം. ഉത്തരവാദിത്വമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജി വയ്‍ക്കണമെന്ന ആവശ്യം ചോദിച്ചാല്‍ പ്രതിപക്ഷക്കാര് തരും.
6. അദ്ദേഹത്തിന്‍റെ പരിപാടികള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, മകരവിളക്കിനെത്തുന്ന ഭക്തന്‍മാരെപ്പോലെ ഒന്നു തൊടാന്‍ മോഹിച്ച്, ഒന്നുകൂടി തൊഴാല്‍ കൊതിച്ച് കാത്തുകെട്ടിക്കിടക്കുന്ന ജനത്തെ പരാമര്‍ശിക്കാതെ പോകരുത്. യുക്തിവാദികളായ മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ലാഭമുണ്ടാക്കാന്‍ അണിയിച്ചൊരുക്കിയ കപടമഹാത്മാവാണ് എന്നാരോപിക്കുന്നത് നമ്മള്‍ മൈന്‍ഡ് ചെയ്യരുത്. ദേശാഭിമാനം നമുക്കിന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ.
7. വൈകുന്നേരമായാല്‍ ഏതെങ്കിലും ഹോട്ടലില്‍ അദ്ദേഹം താമസിക്കും. അവിടുത്തെ അന്തരീക്ഷവര്‍ണനയാവാം. വൈകിട്ടു കുടിച്ചത് ചായയോ കാപ്പിയോ അതോ ചാപ്പിയോ, കുളിച്ചത് ചൂടുവെള്ളത്തിലോ തണുത്തവെള്ളത്തിലോ, ടബ്ബിലോ ഷവറിലോ അതോ കോര്‍പറേഷന്‍ പൈപ്പിന്‍റെ ചുവട്ടിലോ, സോപ്പ് തേച്ചോ ഇല്ലയോ (സോപ്പിന്‍റെ ബ്രാന്‍ഡ് ഏതാണെന്നന്വേഷിച്ച് കമ്പനി എംഡിയുടെ സന്തോഷാശ്രു), തേച്ചെങ്കില്‍ ചുമ്മാ തേച്ചതേയുള്ളോ അതോ നന്നായിട്ട് പതപ്പിച്ചോ, തോര്‍ത്താന്‍ നേരം കണ്ണടയൂരിയോ ഇല്ലയോ, കുളിച്ചിട്ടു കയറിപ്പോകാന്‍ നേരം മാധ്യമപ്രവര്‍ത്തകരെ നോക്കി കൈവീശിയോ ഇല്ലയോ തുടങ്ങിയ വിശദമായി വേണം.
8. അദ്ദേഹത്തിന്‍റെ രാത്രി ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയില്‍ നിന്നുള്ള തല്‍സമയ വിവരണം. എന്തൊക്കെയാണ് വിഭവങ്ങള്‍, ആരാണ് തയ്യാറാക്കുന്നത്, അതിനുള്ള അരി, പച്ചക്കറി തുടങ്ങിയവ എവിടെ നിന്ന്, വഴുതനങ്ങ ഉണ്ടെങ്കില്‍ അത് ബിടി ആണോ അല്ലയോ (അതിന്‍റെ രാഷ്ട്രീയം), ചീഫ് ഷെഫിന്‍റെ അനുഭവക്കുറിപ്പ് തുടങ്ങിയവയും പ്രധാനം.
9. കുളി കഴിഞ്ഞ് റെസ്റ്റെടുക്കുന്ന രാഹുല്‍ജി എന്തൊക്കെയാണ് ചെയ്യുന്നത്, വേഷം എന്താണ്, അതിന്‍റെ വിശദാംശങ്ങള്‍, ടിവി കാണുന്നുണ്ടെങ്കില്‍ ഏതു ചാനലാണ് (ഓരോ ചാനലുകാരും അവരവരുടെ ചാനല്‍ കാണുന്ന വിഷ്വല്‍ എടുത്താല്‍ നല്ല മൈലേജ് കിട്ടും), എത്ര സമയം കാണും, മെഗാസീരിയലോ ഐഡിയ സ്റ്റാര്‍ സിങ്ങറോ മറ്റോ കാണുന്നുണ്ടോ, പുസ്തകം വല്ലതും വായിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍.
10. അത്താഴം കഴിക്കുമ്പോള്‍ ഏത് ഐറ്റമാണ് ആദ്യമെടുക്കുന്നത് തുടങ്ങി അവസാനം കട്ടന്‍ കുടിച്ച് അവസാനിപ്പിക്കുന്നതു വരെയുള്ള വിശദാംശങ്ങള്‍ കംപ്ലീറ്റ് വേണം. കഴിച്ചിട്ടു മടങ്ങും വഴി കിച്ചണില്‍ പോയി കുക്കര്‍മാരോട് കുശലം പറയുന്നതും ക്ലീനിങ്ങിനു നില്‍ക്കുന്ന തമിഴ്‍നാട്ടുകാരന്‍ ബാലനോട് തുടര്‍ന്നു പഠിക്കണമെന്നുപദേശിച്ചുകൊണ്ട് പഠനച്ചെലവിനുള്ള തുക വാഗ്ദാനം ചെയ്യുന്ന എക്സ്ക്ലൂസീവ് സ്റ്റോറി കിട്ടിയാല്‍ വളരെ നന്നായി. മുറിക്കുള്ളില്‍ കയറുന്ന രാഹുല്‍ജി ലൈറ്റണച്ചിട്ടാണോ അണയ്‍ക്കാതെയാണോ ഉറങ്ങുന്നത്. കിടന്ന് എത്ര സമയത്തിനകം ഉറങ്ങി, കൂര്‍ക്കം വലിക്കുന്നുണ്ടോ അതോ ശാന്തമായാണോ ഉറങ്ങുന്നത് തുടങ്ങുന്ന കാര്യങ്ങള്‍ കൂടി രേഖപ്പെടുത്തിയാല്‍ ഒരു ദിവസത്തെ ജോലി തീര്‍ന്നു. അടുത്ത ദിവസവും ഇതു തന്നെ ആവര്‍ത്തിച്ചാല്‍ മതി.
ഇത്ര ശ്രമകരമായ അന്വേഷണങ്ങള്‍ക്ക് വാര്‍ത്താ അവതാരകന്‍ എത്ര ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതിയാകും എന്ന സംശയമാകും എന്‍റെ മാധ്യമസുഹൃത്തുക്കള്‍ക്ക് ഉണ്ടാവുക. ഇതൊക്കെ സ്പോട്ട് റിപ്പോര്‍ട്ടിങ്ങില്‍ മുഴുകുന്ന റിപ്പോര്‍ട്ടര്‍ക്കുള്ള നിര്‍ദേശങ്ങളാണ്. ചാനല്‍ ഏതായാലും ബുള്ളറ്റിന്‍ ഏതായാലും അവതാരകന്‍ എപ്പോഴും ഒരേ ചോദ്യമോ ചോദിക്കേണ്ടതുള്ളൂ- എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുകയാണ്.. ശശീ(റിപ്പോര്‍ട്ടരുടെ പേര്) എന്താണ് വിശദാംശങ്ങള്‍ ?
മതി, ശശി എല്ലാം പറഞ്ഞോളും.
No comments:
Post a Comment