വിമോചനസമരശേഷമുള്ള സംഘടിത പ്രചാരണം:
കെ എന്‍ പണിക്കര്‍
തിരു: വിമോചനസമരത്തിനുശേഷമുള്ള ഏറ്റവും സംഘടിതമായ കമ്യൂണിസ്റ്റ്വിരുദ്ധ പ്രചാരണമാണ് ഇപ്പോഴത്തേതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റ് വിരുദ്ധരും ചില മാധ്യമങ്ങളും ചേര്‍ന്ന് ഇടതുപക്ഷത്തെയും പ്രത്യേകിച്ച് സിപിഐ എമ്മിനെയും തകര്‍ക്കാനുള്ള ബോധപൂര്‍വനീക്കമാണ് നടത്തുന്നത്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം മറയാക്കി നടക്കുന്ന കുപ്രചാരണങ്ങള്‍ വിലപ്പോകില്ല- അദ്ദേഹം പറഞ്ഞു. വലതുപക്ഷ രാഷ്ട്രീയ ഗൂഢാലോചനയ്ക്കെതിരെ തിരുവനന്തപുരത്ത് പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുമെതിരെ സംഘടിത നീക്കങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. വിമോചനസമരം അതിന്റെ പ്രകടരൂപമായിരുന്നു. അതിനുശേഷമുള്ള ഏറ്റവും ശക്തമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ് ഇപ്പോഴത്തേത്. കേരളം ആര്‍ജിച്ച നേട്ടങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മാധ്യമങ്ങളുടെ സഹായത്തോടെ വലതുപക്ഷം നടത്തുന്ന ഹീന നീക്കം. ചന്ദ്രശേഖരന്റെ വധം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ദാരുണമായ ഈ സംഭവം രാഷ്ട്രീയമായി ദുരുപയോഗിക്കാനും സംഘടിത പ്രചാരണായുധമാക്കാനുമാണ് ഭരണാധികാരികളും മറ്റും ശ്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാനാണ് ഒരു കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രമിച്ചത്. അന്വേഷണത്തിനുമുമ്പ് പ്രതികളെ പ്രഖ്യാപിക്കുന്ന രീതിയാണിത്. ഡിജിപിയെപ്പോലും തിരുത്താന്‍ ആഭ്യന്തരമന്ത്രി രംഗത്തിറങ്ങിയതും കേരളം കണ്ടു. തങ്ങളുദ്ദേശിക്കുന്ന വഴിക്ക് അന്വേഷണത്തെ തിരിച്ചുവിടുകയാണ് ഇവര്‍. വലതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ വര്‍ഗീയവാദികളായ ബുദ്ധിജീവികളുമായി കൈകോര്‍ത്ത് പ്രസ്താവനയുമായി രംഗത്തിറങ്ങി. കമ്യൂണിസ്റ്റ് വിരോധമാണ് ഇവരെ ഒന്നിപ്പിച്ചത്. ഭൂരിപക്ഷം മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത് പ്രതിലോമകരമായ പ്രചാരണങ്ങളാണ്. മരിച്ചത് മുന്‍ കമ്യൂണിസ്റ്റാണെങ്കില്‍ കൊന്നത് സിപിഐ എം ആണെന്ന വാദം ഉയര്‍ത്തി മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അന്വേഷണത്തിലുള്ള കൈകടത്തലാണ്. ഇവര്‍ നടത്തുന്ന മലീമസമായ പ്രചാരണം സ്വതന്ത്രമായ അന്വേഷണത്തെ സ്വാധീനിക്കാനാണ്. ജനപിന്തുണയുള്ള പ്രസ്ഥാനത്തിനെതിരെ തെറ്റായ പ്രചാരണം നടത്തി മുതലെടുപ്പു നടത്താനുള്ള മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും നീക്കങ്ങള്‍ രാഷ്ട്രീയ പാപ്പരത്തമാണ്. ആഗോളതലത്തില്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ ആശയങ്ങള്‍ ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ച് കരുത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. പുതിയ കാലത്തിന്റെ വെല്ലുവിളി നേരിടാന്‍ മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ക്കേ കഴിയൂ എന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെ ചെപ്പടിവിദ്യകള്‍കൊണ്ട് ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയും തകര്‍ക്കാമെന്ന് ആരെങ്കിലും ധരിച്ചാല്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലായിരിക്കുമെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.