പുറത്തായത് മാധ്യമങ്ങളുടെ തനിനിറം

വി എസിനെതിരെ നടപടി വാര്‍ത്ത പുറത്തായത് മാധ്യമങ്ങളുടെ തനിനിറം

ന്യൂഡല്‍ഹി: വലതുപക്ഷമാധ്യമങ്ങളുടെ തനിനിറം ഒരിക്കല്‍കൂടി പുറത്തായി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ചൂഴ്ന്നാണ് മാധ്യമങ്ങള്‍ കള്ളവാര്‍ത്ത രൂപപ്പെടുത്തിയത്. വി എസിനെ ശാസിച്ചെന്നും വാര്‍ത്ത ചോര്‍ന്നതിനെതിരെ വി എസ് പരാതിപ്പെട്ടെന്നും ഒക്കെയായി നീണ്ടു ആ ഭാവനാവിലാസങ്ങള്‍. കൊല്‍ക്കത്തയില്‍ ചേര്‍ന്ന പിബി യോഗം ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് തീരുമാനമെടുത്തെന്ന രീതിയില്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ദൃശ്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ മാത്രമാണ് ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പോയത്. അച്ചടിമാധ്യമങ്ങളില്‍നിന്ന് ആരും പോയിരുന്നുമില്ല. കൊല്‍ക്കത്തയിലേക്ക് ലേഖകരെ വിട്ട 'ഏഷ്യാനെറ്റും' 'മനോരമന്യൂസു'മാണ് തീര്‍ത്തും അസംബന്ധമായ ഈ വാര്‍ത്ത ആദ്യം നല്‍കിയത്. തുടര്‍ന്ന് വള്ളിപുള്ളി വ്യത്യാസമില്ലാതെ മറ്റ് ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും ഇത് ആവര്‍ത്തിച്ചു. ചില മാധ്യമലേഖകര്‍ പിബി യോഗത്തില്‍ പങ്കെടുത്ത പോലെയാണ് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗം പിണറായി വിജയനും മറ്റും യോഗത്തില്‍ പറഞ്ഞതെന്ന മട്ടില്‍ തങ്ങളുടെ താല്‍പ്പര്യത്തിനൊത്ത പലതും അവര്‍ വാര്‍ത്തയാക്കി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ ഭാഷയില്‍ 'ഭാവനാസമ്പന്നരായ മാധ്യമപ്രവര്‍ത്തകരുടെ ഭാവന അക്ഷരാര്‍ഥത്തില്‍ ചിറക്വിടര്‍ത്തി പറന്നു'. എസ് ആര്‍ പിയുടെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

വാര്‍ത്തയ്ക്ക് വിശ്വാസ്യത നല്‍കാനായി തിരുവനന്തപുരത്തെ റിപ്പോര്‍ട്ടര്‍മാരും കള്ളക്കഥ ചമയ്ക്കാന്‍ മത്സരിച്ചു. ശാസിക്കാനുള്ള പിബി തീരുമാനത്തില്‍ വി എസ് ശക്തമായി പ്രതിഷേധിച്ച് പിബിക്ക് കത്തെഴുതിയെന്നായിരുന്നു തലസ്ഥാനലേഖകരുടെ ഭാവന. എന്നാല്‍, തന്നെ ശാസിക്കാന്‍ പാര്‍ടി തീരുമാനിച്ചതായി അറിയില്ലെന്ന് വി എസ് പറഞ്ഞതോടെ ഈ വാര്‍ത്തയുടെ കള്ളത്തരവും പുറത്തായി. സിപിഐ എമ്മിനെ കുറിച്ച് കള്ളവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരൊറ്റ മാധ്യമവും വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കാന്‍ തയ്യാറായില്ല. ഒരു ടെലിവിഷന്‍ ചാനലിലെ വാര്‍ത്താവായനക്കാരന്‍ സ്വന്തം ചാനലിലെ റിപ്പോര്‍ട്ടറോട് എവിടെനിന്നാണ് ഈ വാര്‍ത്ത ലഭിച്ചതെന്ന് ചോദിച്ചപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് മറുപടിയുണ്ടായില്ല. വാര്‍ത്തയ്ക്ക് തുടക്കമിട്ട ഒരു ചാനലാകട്ടെ സ്വന്തം വീഴ്ച മറച്ചുവയ്ക്കുന്നതിന് കള്ളവാര്‍ത്തയെ ന്യായീകരിക്കാന്‍ വൃഥാ ശ്രമം തുടരുകയുംചെയ്തു. ഒരു നുണ തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ അത് സത്യമായി ജനങ്ങള്‍ ധരിക്കുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് സിപിഐ എമ്മിന്റെ കാര്യത്തില്‍ കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ പിന്തുടരുന്നതെന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് വി എസിനെതിരായ നടപടി വാര്‍ത്ത.
(വി ബി പരമേശ്വരന്‍)

ഇല്ലാത്ത നടപടി എങ്ങനെ ചോരും: മുഖ്യമന്ത്രി

എടുക്കാത്ത നടപടി എങ്ങനെ ചോരുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചോദിച്ചു. ലോട്ടറി കാര്യത്തില്‍ തനിക്കെതിരെ സിപിഐ എം പൊളിറ്റ് ബ്യൂറോ നടപടിയെടുത്തെന്ന മാധ്യമവാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യങ്ങളോടുവാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അങ്ങനെയൊരു നടപടി ഉണ്ടായതായി അറിയില്ല. നടപടി ഉണ്ടായാല്‍ നിങ്ങള്‍ക്കറിയാന്‍ കഴിയുമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിച്ചതാണോയെന്ന് അത് കൊടുത്തവരോട് ചോദിച്ച് നിങ്ങള്‍ തന്നെ കണ്ടുപിടിക്കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സാന്തിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കൊള്ളയടി അനുവദിക്കില്ല. അഞ്ചുമാസമായി കേരളത്തില്‍ മാര്‍ട്ടിന്റെ ലോട്ടറി ഇല്ല. ഇനി നടക്കാനും പോകുന്നില്ല. മാര്‍ട്ടിനെപോലുള്ള കള്ളന്മാരെ ഒതുക്കുന്നതിന് തന്റെ പാര്‍ടി എതിരുനില്‍ക്കുമെന്ന് നിങ്ങളല്ലാതെ വേറെ ആരെങ്കിലും സംശയിക്കുമോയെന്ന് മുഖ്യമന്ത്രി മറ്റൊരു ചോദ്യത്തോടു പ്രതികരിച്ചു. ലോട്ടറിവിഷയത്തില്‍ തന്റെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാര്‍ടിയും സര്‍ക്കാരുമായുള്ള ഏകോപനത്തില്‍ എന്തെങ്കിലും കുറവുണ്ടായതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി മറ്റൊരു ചോദ്യത്തിനുമറുപടി നല്‍കി. പെവാണിഭക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരും. പെകുട്ടികളെ ഉപയോഗിച്ച മാന്യന്മാരെ ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ വിലങ്ങുവച്ച് തെരുവിലൂടെ നടത്തും. ശബരിമല ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. വിവാദങ്ങളുണ്ടാക്കുന്ന മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പിനും ജനദ്രോഹത്തിനും കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷത്തിന്റെ കള്ളക്കളി തുറന്നുകാണിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

മാധ്യമങ്ങള്‍ സംഘടിതമായി ആക്രമിക്കുന്നു: മന്ത്രി പാലോളി


മലപ്പുറം: മാധ്യമങ്ങള്‍ സിപിഐ എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും സംഘടിതമായി ആക്രമിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും തദ്ദേശഭരണ മന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. ദേശാഭിമാനി മലപ്പുറം എഡിഷന്‍ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാലോളി. പൊടിപ്പും തൊങ്ങലും വച്ചാണ് പാര്‍ടിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കുന്നത്. സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഴുവന്‍ പ്രദേശത്തും ദേശാഭിമാനി എത്തേണ്ടതുണ്ടെന്ന് പാലോളി പറഞ്ഞു. ദേശാഭിമാനി മലപ്പുറം യൂണിറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് മാനേജര്‍ ഇ എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ശ്രീരാമകൃഷ്ണന്‍, പി കെ സൈനബ, പി പി വാസുദേവന്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് സര്‍കുലേഷന്‍ മാനേജര്‍ സി കെ രാജീവ് വര്‍മ സ്വാഗതം പറഞ്ഞു.

1 comment:

  1. മാമ്പഴമുള്ള മാവിലേക്കല്ലേ എല്ലാവരും കല്ലെറിയൂ??

    ReplyDelete