ഹിന്ദു ഐക്യവേദി നേതാവ് ശ്രീമതി.കെ.പി.ശശികല ടീച്ചറോട് ഒരു അഭ്യർത്ഥന


പേരുകൾക്കൊപ്പം മാഷ് - ടീച്ചർ ചേർത്തിട്ടുള്ളവരോട് കേരളീയസമൂഹത്തിന് ഒരു മതിപ്പുണ്ട്. ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായി ഒട്ടനവധി ഉദാഹരണങ്ങൾ നമുക്കെല്ലാവർക്കുമറിയാം. അവരുടെ അദ്ധ്യാപകവൃത്തിയും സാമൂഹ്യപ്രതിബദ്ധതയോടു കൂടിയുള്ള അവരുടെ സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകളാണ് അവരെ ആദരണീയരാക്കി മാറ്റുന്നത്.
പേരിനൊപ്പം ടീച്ചർ എന്നു ചേർത്തിട്ടുള്ള ശ്രീമതി.കെ.പി.ശശികല ക്ഷേത്രങ്ങൾ അടക്കമുള്ള പല സ്ഥലങ്ങളിലും പ്രസംഗിക്കുന്നതായുള്ള വാർത്തകളും വിവരങ്ങളും ധാരാളമായി കണ്ടിട്ടുണ്ട്.
നിങ്ങളുടെ പ്രസംഗം ഞാൻ കേൾക്കുന്നത് യൂ ട്യൂബിലൂടെയാണ്. പ്രസംഗത്തിലുടനീളം മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരായി വിദേ്വഷം നിറഞ്ഞ വാക്കുകളും സംസാരശൈലിയുമാണ് നിങ്ങൾ ഉപയോഗിക്കുന്നത്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ പോലും പരസ്യമായി പറയുന്നതിന് ഒരു അദ്ധ്യാപികയായ നിങ്ങൾക്ക് ലജ്ജയുണ്ടാകുന്നില്ല എന്നത് ആശ്ചര്യജനകമാണ്.
അദ്ധ്യാപകരെ സംബന്ധിച്ച കാഴ്ചപ്പാടുകൾ മാറ്റിമറിയ്ക്കുന്നതാണ് നിങ്ങളിലെ ടീച്ചർ. ഒരു അദ്ധ്യാപകൻ / അദ്ധ്യാപിക നന്മയെ പ്രസരിപ്പിക്കേണ്ടയാളാണ്. എന്നാൽ നിങ്ങളിൽ നിന്നുയരുന്നത് തിന്മയുടെ വചനങ്ങൾ മാത്രമാണെന്നത് ദുഃഖകരമായ സത്യമാണ്.
നിങ്ങളുടെ രാഷ്ട്രീയലാഭത്തിനായി ഒരു രാജ്യത്തെ ജനങ്ങളുടെ മനസ്സുകളെ വിഷലിപ്തമായ പ്രസംഗം കൊണ്ട് നിങ്ങൾ വെട്ടിമുറിക്കുകയാണ്. നിങ്ങളുടെ പ്രസംഗം കേട്ട് 'ഉണർന്ന ഒരു ഹിന്ദു' കാസർകോട് മൂന്നാംക്ലാസ്സുകാരനായ പിഞ്ചുബാലനെ കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളീയസമൂഹം ശ്രവിച്ചത്. മുസ്ലീമായിരുന്നു എന്ന കാരണത്താലാണ് ആ ബാലൻ കൊല്ലപ്പെട്ടത്.
മറ്റു മതങ്ങളിൽപ്പെട്ടവരുടെ കുഞ്ഞുങ്ങളോടു പോലും വിദേ്വഷത്തോടു കൂടി മാത്രമേ പെരുമാറാവൂ എന്നു പറഞ്ഞു പഠിപ്പിക്കുന്ന ആശയസംഹിതകൾ തകർക്കുന്നത് ഭാരതീയ സംസ്‌കാരത്തെയാണ്. മറ്റ് മതസ്ഥരെ ശത്രുക്കളായി കാണണമെന്ന് പഠിപ്പിക്കുന്നത് കാട്ടാളത്തമാണ്.
"നിങ്ങൾ സുരക്ഷിതരല്ല", "നിങ്ങൾക്ക് നഷ്ടങ്ങളാണുള്ളത്" തുടങ്ങിയ പ്രചരണങ്ങളിലൂടെ ഹിന്ദുക്കളുടെ മനസ്സിൽ അരക്ഷിതബോധം നിറച്ചശേഷം അവരുടെ മനസ്സിലേക്ക് വെറുപ്പിനെ സന്നിവേശിപ്പിക്കുന്ന രീതിയാണ് നിങ്ങളുടെ സംസാരത്തിലുടനീളം കേൾക്കാനാവുക.
ഹിന്ദുക്കളുടെ ഐക്യത്തിനായി പ്രസംഗത്തിൽ പലയിടത്തും നിങ്ങൾ ആവശ്യപ്പെടുന്നതായി കേൾക്കുന്നുണ്ട്. ഹിന്ദു ഐക്യത്തിനായി നിലകൊള്ളുന്ന, നിങ്ങളുടെ ആശയങ്ങളിൽ വിശ്വസിക്കുന്ന സവർണ്ണ കുടുംബങ്ങളിലെ യുവതീ യുവാക്കളോട് ദളിത് വിഭാഗത്തിൽ ജനിച്ച യുവതീ യുവാക്കളെ വിവാഹം കഴിച്ച് ഹിന്ദുഐക്യം ശക്തമാക്കാൻ നിങ്ങൾ ആവശ്യപ്പെടുന്നത് മാതൃകാപരമായിരിക്കും.
വർഗ്ഗീയചേരിതിരിവുണ്ടാക്കുന്ന തരത്തിൽ നിങ്ങൾ സംസാരിക്കുന്നതും ഒരു ജനതയുടെ മനസ്സുകളെ നിങ്ങൾക്ക് വെട്ടിമുറിക്കുന്നതുമെല്ലാം നിങ്ങളുടെ രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടിയായിരിക്കാം. പക്ഷേ, നിങ്ങളുടെ വിഷലിപ്തമായ വാക്കുകളേക്കാളേറെ അലോസരപ്പെടുത്തുന്നത് നിങ്ങളുടെ പേരിനൊപ്പം ചേർത്തിട്ടുള്ള 'ടീച്ചർ' എന്ന വിശേഷണമാണ്. വർഗ്ഗീയപ്രചരണം നിങ്ങൾ അവസാനിപ്പിക്കില്ലെന്നറിയാം, പക്ഷേ കഴിയുമെങ്കിൽ നിങ്ങളുടെ പേരിനൊപ്പം ചേർത്തിട്ടുള്ള 'ടീച്ചർ' എന്ന വിശേഷണം ഒഴിവാക്കണം. അദ്ധ്യാപകരെ ആദരണീയരായി കാണുന്ന ഒരു സമൂഹത്തിൽ അദ്ധ്യാപകരോടുള്ള കാഴ്ചപ്പാട് മാറാതിരിക്കാൻ അത് സഹായകരമാകും.