എന്‍ഡോസള്‍ഫാന്‍ നിരോധനം: ജനീവയില്‍ ഇന്ത്യ വായിച്ചത് കമ്പനിയുടെ കുറിപ്പ് - ടി എന്‍ സീന

എന്‍ഡോസള്‍ഫാന്‍ നിരോധനം: ജനീവയില്‍ ഇന്ത്യ വായിച്ചത് കമ്പനിയുടെ കുറിപ്പ്

സ്ഥിരമായി കാര്‍ബന്‍വിഷാംശങ്ങള്‍ പുറന്തള്ളുന്ന രാസവസ്തുക്കളുടെ നിരോധനം സംബന്ധിച്ച് ജനീവയില്‍ നടന്ന ആഗോളസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ സംസാരിച്ചത് എന്‍ഡോസള്‍ഫാന്‍ കമ്പനി നല്‍കിയ കുറിപ്പുകളുടെ അടിസ്ഥാനത്തില്‍. സന്നദ്ധസംഘടനാ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്ത തണല്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം സി ജയകുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ പ്രതിനിധികളായി കേന്ദ്ര കൃഷി ഡെപ്യൂട്ടി സെക്രട്ടറി വന്ദന ജെയ്നിയും പരിസ്ഥിതിവകുപ്പിലെ ഹസാര്‍ഡസ് സബ്സ്റന്‍സ് ഡയറക്ടര്‍ ഡോ. ചന്ദ ചൌധരിയുമാണ് പങ്കെടുത്തത്. ഇന്ത്യയില്‍നിന്നുള്ള എന്‍ഡോസള്‍ഫാന്‍ കമ്പനി പ്രതിനിധികള്‍ നല്‍കുന്ന കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതെന്ന് ജയകുമാര്‍ പറഞ്ഞു. ഇന്ത്യയിലെ എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനിയായ എക്സലിന്റെ ഡയറക്ടര്‍മാരായ എസ് ഗണേഷ്, ഹരിഹരന്‍ എന്നിവരും എച്ച്ഐഎല്‍ മാനേജരും എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനി ഉടമയുമായ തീര്‍ഥാങ്കര്‍ ബസുവും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഒരു പൊതുമേഖലാ കമ്പനിയുടെ മാനേജര്‍ എങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനി ഉടമയാകുന്നതെന്ന സംശയം പ്രതിനിധികള്‍ പ്രകടിപ്പിച്ചു. ഇന്ത്യയിലെ കൃഷിക്കാര്‍ വിവരമില്ലാത്തവരാണെന്നായിരുന്നു സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധാനംചെയ്തവര്‍ വാദിച്ചത്. ഓരോ കീടത്തെയും നശിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അവരെ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ അവഗണിച്ച് എല്ലാതരം കീടങ്ങളെയും നശിപ്പിക്കാന്‍ കഴിയുന്ന എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി കെ വി തോമസിന്റെ ഇപ്പോഴത്തെ പ്രസ്താവനയും സമ്മേളനത്തിലെ ഇന്ത്യയുടെ നിലപാടും കൂട്ടിവായിക്കുമ്പോള്‍ സംശയങ്ങള്‍ ബലപ്പെടുകയാണ്.


ഒക്ടോബര്‍ പത്തുമുതല്‍ 15 വരെയായിരുന്നു സമ്മേളനം. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഓരോ മേഖലയെയും പ്രതിനിധാനംചെയ്ത് 29 അംഗരാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. എന്‍ഡോസള്‍ഫാന്‍ ലോകത്താകമാനം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട സമവായം ഉണ്ടാക്കുന്നതിനുള്ള ഉടമ്പടിയില്‍ 28 രാജ്യവും ഒപ്പുവയ്ക്കാന്‍ തയ്യാറായപ്പോള്‍ ഇന്ത്യമാത്രം വിട്ടുനിന്നു. ഇതുമൂലം ഒരുവര്‍ഷത്തിനുശേഷം ചേരുന്ന സമ്മേളനത്തില്‍മാത്രമേ ഇക്കാര്യം തീരുമാനിക്കാനാകൂ. കേരളം 2006 മുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരിക്കുകയാണെന്ന കാര്യം ഇന്ത്യന്‍ പ്രതിനിധികള്‍ മറച്ചുവച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെയും മന്ത്രി ബിനോയ് വിശ്വത്തിന്റെയും കത്തുകള്‍ പ്രതിനിധികള്‍ക്കിടയില്‍ ചര്‍ച്ചയായപ്പോള്‍ താമസിയാതെ ഈ നിരോധനം പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നായിരുന്നു ഇന്ത്യയുടെ വാദം.


സ്ഥാവര കാര്‍ബണിക് രാസവിഷങ്ങളുടെ നിരോധനം സംബന്ധിച്ച് ഐക്യരാഷ്ട്ര പരിസ്ഥിതി സഭ തയ്യാറാക്കുന്ന ഉടമ്പടിയുടെ ഭാഗമായി 2000ല്‍ ബോണില്‍ നടന്ന സമ്മേളനത്തില്‍ ജയകുമാര്‍ പങ്കെടുത്തിരുന്നു. ജനിതകമാറ്റം, കൃഷി, മാലിന്യനിര്‍മാര്‍ജനം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരുമായി ചേര്‍ന്ന് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുതാല്‍പ്പര്യ ഗവേഷണ സംഘടനയാണ് തണല്‍.


No comments:

Post a Comment