ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം - കെ വി സുധാകരന്‍

ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം

വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം- 1

പെരുമ്പാവൂരിലെ വാഴക്കുളം കാര്‍ഷികപ്രാധാന്യമുള്ള പ്രദേശമാണ്. സമാധാനം പുലരുന്ന മേഖല. അവിടെ ഒരു കോളേജ് അധ്യാപകന്‍ തീവ്രവാദിയാകുന്നത് പ്രദേശവാസികള്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. പക്ഷേ, ഇവിടത്തുകാരന്‍ അനസ് കോതമംഗലം ഇലാഹിയ കോളേജിലെ പ്രൊഫസറാണ്. ഇയാള്‍ മറ്റൊരു പ്രൊഫസറായ തൊടുപുഴയിലെ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതിയായി അറസ്റ്റിലായപ്പോള്‍ ജനങ്ങള്‍ അന്തംവിട്ടു. ക്ഷമ, സഹനം, സാഹോദര്യം എന്നിങ്ങനെ നല്ല വാക്കുകള്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കേണ്ട അധ്യാപകന്‍, ഒരു സഹജീവിയുടെ കൈപ്പത്തി അറുത്തെറിഞ്ഞ പൈശാചികതയ്ക്ക് സഹായിയായത് എങ്ങനെയെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു നാട്ടുകാര്‍. കൈകളില്‍ വിലങ്ങ് വീണ അനസ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അഴികള്‍ക്കുള്ളിലായപ്പോള്‍ അനസിന്റെ ഉള്ളിലെ മതവൈരത്തിന്റെയും തീവ്രവാദത്തിന്റെയും ചാരം മൂടിയ കനലുകള്‍ നാട്ടുകാര്‍ക്ക് കാണാനായി. ഇപ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ വാഴക്കുളത്തെ ജനം ഒന്നുകൂടി ഞെട്ടി. തീവ്രവാദക്കേസില്‍ വിചാരണ നേരിടുന്ന അനസ് ജയിലില്‍ കിടന്ന് മത്സരിച്ച് വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍നിന്ന് വിജയിച്ചു. തീവ്രവാദസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായി അവതരിച്ച എസ്ഡിപിഐയുടെ ബാനറില്‍ മത്സരിച്ച അനസ് ഭേദപ്പെട്ട ഭൂരിപക്ഷത്തിനാണ് ജയിച്ചത്.


നിരവധി ധീരദേശാഭിമാനികള്‍ ജയിലറകളില്‍ കിടന്ന് മത്സരിച്ച് വിജയിച്ച ചരിത്രമുണ്ട്. ആ ചരിത്രത്തെ കൊഞ്ഞനംകുത്തുന്നതുമാണ് ഇവിടെ അനസിന്റെ വിജയം. കേരളത്തിന്റെ ചരിത്രത്തിലെ കറുത്തപാടായി മാറുന്ന ഈ വിജയത്തിന് കളമൊരുക്കിയ കോണ്‍ഗ്രസിന്റെ മാപ്പര്‍ഹിക്കാത്ത നിലപാടാണ് കേരളീയസമൂഹത്തെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പുവിജയം കൈപ്പിടിയിലാക്കാന്‍ ജാതി-മത ശക്തികളെ പ്രീണിപ്പിച്ചും തീവ്രവാദപ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചും സ്വന്തം പാരമ്പര്യംപോലും വികൃതമാക്കുന്ന കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല മുഖമാണ് അനസിന്റെ വിജയത്തിനുപിന്നില്‍ തെളിയുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഏതുവിധേനയും പരാജയപ്പെടുത്താന്‍ ഒരുവശത്ത് ബിജെപിയെയും മറുവശത്ത് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ ശക്തികളെയും കൂടെ കൂട്ടുകയും പരസ്പരം സഹായിക്കുകയും ചെയ്തതിന്റെ ഏറ്റവും ഭീതിജനകമായ ഫലമാണ് വാഴക്കുളത്ത് കണ്ടത്. വാഴക്കുളം പഞ്ചായത്തിലെ ആറുമുതല്‍ 11 വരെയുള്ള വാര്‍ഡുകളും വെങ്ങോല പഞ്ചായത്തിലെ ഏഴ്, ഒമ്പത് വാര്‍ഡുകളും ചേര്‍ന്നതാണ് വഞ്ചിനാട് ഡിവിഷന്‍. നിലവില്‍ കോണ്‍ഗ്രസിന്റെയും മുസ്ളിംലീഗിന്റെയും നേതാക്കള്‍ പ്രതിനിധാനംചെയ്യുന്ന പ്രദേശങ്ങള്‍ അടങ്ങുന്നതാണ് വഞ്ചിനാട് ഡിവിഷന്‍. ഇവിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ മുഹമ്മദിനേക്കാള്‍ 1903 വോട്ട് കൂടുതല്‍ നേടി അനസ് വിജയിച്ചത്. മറ്റൊരു കൌതുകകരമായ വസ്തുത വഞ്ചിനാട് ഡിവിഷനില്‍പ്പെട്ട എട്ട് വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെല്ലാവര്‍ക്കുംകൂടി 4369 വോട്ട് ലഭിച്ചെന്നതാണ്. എന്നാല്‍, ഈ വാര്‍ഡുകളില്‍ വോട്ടുചെയ്ത കോണ്‍ഗ്രസ് അനുകൂലികള്‍ ഈ വാര്‍ഡുകളുടെ മൊത്തം പ്രതിനിധിയായി ബ്ളോക്കില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ മുഹമ്മദിന് 2089 വോട്ടേ കൊടുത്തുള്ളൂ. ബ്ളോക്ക് ഡിവിഷന്‍ പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ച വോട്ടുകളില്‍നിന്ന് 2280 കോണ്‍ഗ്രസ് വോട്ട് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് കൃത്യമായിത്തന്നെ നല്‍കി. ഫലമോ? എസ്ഡിപിഐ സ്ഥാനാര്‍ഥി 1903 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.


ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇതിനുപകരമായി ആലുവ, എറണാകുളം മേഖലയില്‍ എസ്ഡിപിഐ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന പലയിടത്തും അവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസിനെ സഹായിച്ചു. തൊടുപുഴ നഗരസഭയില്‍ എസ്ഡിപിഐ ഒരു സീറ്റില്‍ വിജയിച്ചപ്പോള്‍ 400 വോട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുന്ന കുമ്മംകല്ലില്‍ ഒരു വോട്ടാണ് എസ്ഡിപിഐ നേടിയത്. പത്തനംതിട്ട നഗരസഭയിലെ 13-ാംവാര്‍ഡിലെ എസ്ഡിപിഐ വിജയത്തിനും സമാനമായ കഥയാണുള്ളത്. തീവ്രവാദം മുഖമുദ്രയാക്കുന്ന ഒരു രാഷ്ട്രീയപാര്‍ടിക്ക് ജനാധിപത്യത്തിന്റെ വ്യാജമുഖം സമ്മാനിക്കുന്നുവെന്ന ഏറെ അപകടകരമായ രാഷ്ട്രീയ കള്ളക്കച്ചവടത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് ഏറ്റെടുക്കേണ്ടിവരും. തീവ്രവാദവുമായി കൈകോര്‍ക്കാന്‍ മടിക്കാത്ത കോണ്‍ഗ്രസ്, ബിജെപിയുമായി കൂട്ടുകൂടുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലല്ലോ.


No comments:

Post a Comment