സിപിഐ(എം) ന്റെ ന്യൂനപക്ഷ പ്രീണനം - അറിയേണ്ട ചില കാര്യങ്ങൾ


ഒരു വാക്കുകൊണ്ട് നിരവധി കാര്യങ്ങൾ സംവേദിക്കാൻ കഴിയുമെങ്കിൽ അത് ആ വാക്കിന്റെ ശക്തിയാണ്. ഇത്തരത്തിൽ അർത്ഥവത്തായ നിരവധി വാക്കുകൾ ഭാഷയിലുണ്ട്. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും ഭൂരിപക്ഷ വർഗ്ഗീയതയിൽ നിന്ന് രാഷ്ട്രീയനേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്നവരുടെയും സൃഷ്ടിയാണ് 'ന്യൂനപക്ഷ പ്രീണനം' എന്ന പ്രയോഗം. ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതേ്യകിച്ച് സിപിഐ(എം)നെ ആക്രമിക്കുക എന്ന അജണ്ടയിൽ ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു പ്രയോഗമാണ് ന്യൂനപക്ഷ പ്രീണനം.
തമിഴ്‌നാട് ദളിതുകൾക്കെതിരായ പീഡനങ്ങളും വിവേചനങ്ങളും ഏറെയുള്ള പ്രദേശമാണ്. ഇവിടെ സിപിഐ(എം) ദളിതർക്കിടയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വഴി നടക്കുന്നതിനുള്ള അവകാശം, ക്ഷേത്രങ്ങളിൽ കയറുന്നതിനുള്ള അവകാശം, പൊതു കിണറുകളിൽ നിന്ന് വെള്ളം എടുക്കുന്നതിനുള്ള അവകാശം, സ്‌കൂളുകളിൽ പഠിക്കുന്നതിനുള്ള അവകാശം, സർക്കാർ ഓഫീസുകളിൽ കയറിച്ചെല്ലുന്നതിനുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സിപിഐ(എം) നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്.
കേരളത്തിൽ സിപിഐ(എം) നേതൃത്വത്തിൽ 'പട്ടികജാതി സംരക്ഷണ സമിതി' എന്ന സംഘടന രൂപീകരിച്ച് ദളിതരുടെ പ്രശ്‌നങ്ങൾ മുഖ്യധാരയിൽ ചർച്ചാവിഷയമാക്കുന്നതിന് സിപിെഎ(എം) നിരന്തരം പ്രവർത്തിക്കുന്നു.
എന്തുകൊണ്ട് സിപിഐ(എം) ദളിത് പ്രീണനം നടത്തുന്നു എന്ന വിമർശനം ആരും ഉന്നയിക്കുന്നില്ല !!
ആദിവാസികൾക്കു വേണ്ടി നിലകൊള്ളുന്ന സിപിഐ(എം) ആദിവാസി പ്രീണനം നടത്തുന്നുവെന്ന് ആരും വിമർശിക്കാത്തതെന്തു കൊണ്ടാണ് ?
ദളിതുകളുടേതു പോലെ ആദിവാസികളുടേതു പോലെ ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളിലും സിപിഐ(എം) ഇടടെപടുമ്പോൾ മാത്രം വിമർശിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
ഇവിടെയാണ് വിചാരധാരയുടെ രാഷ്ട്രീയം കടന്നുവരുന്നത്. ഇന്ത്യയുടെ ആന്തരിക ഭീഷണികളായി സംഘപരിവാർ കാണുന്ന മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും ഒറ്റ വെടിക്ക് തകർക്കാൻ കഴിയുന്ന ആയുധം, അതാണ് സംഘപരിവാർ തലച്ചോറിൽ വിരിഞ്ഞ ന്യൂനപക്ഷ പ്രീണനം എന്ന വാക്ക്.
തകർക്കാൻ ഉദ്ദേശിക്കുവന്നവരെക്കുറിച്ച് നിരന്തരം വ്യാജപ്രചരണങ്ങൾ നടത്തുക, തെറ്റിദ്ധാരണ പുലർത്തുന്ന കാര്യങ്ങൾ നിരന്തരം പ്രചരിപ്പിക്കുക എന്ന നാസി തന്ത്രങ്ങൾ തന്നെയാണ് ഇവിടെയും നടപ്പിലാക്കപ്പെടുന്നത്.
ന്യൂനപക്ഷങ്ങൾ മോശമാണെന്നു ആദ്യം സ്ഥാപിച്ചെടുക്കുക. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന സിപിഐ(എം) നെ തകർക്കുക. അതേ സമയം ദളിതരുടെയും ആദിവാസികളുടെയും കാര്യത്തിൽ സിപിഐ(എം) ഇടപെടുന്നതിനെക്കുറിച്ച് മിണ്ടാതിരിക്കുക.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഗാന്ധിജിക്കെതിരായി വന്ന വിമർശനങ്ങൾക്ക് സമാനമാണ് ഇന്ത്യയിൽ ഇന്ന് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വിശിഷ്യാ സിപിഐ(എം) ന് നേരിടേണ്ടി വരുന്ന വിമർശനങ്ങൾ.
'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷുകാരന്റെ തന്ത്രത്തിന്റെ ഫലമായി മനസ്സുകൾ വിഭജിക്കപ്പെട്ട ജനത തങ്ങൾക്ക് ഭൂമി പങ്കിട്ടെടുത്ത് രണ്ട് രാഷ്ട്രങ്ങളായി നിലകൊള്ളുന്നു. ശത്രുരാജ്യത്തെ ഭൂരിപക്ഷം ഇരുകൂട്ടരുടെയും രാജ്യത്തെ ന്യൂനപക്ഷമായി മാറുമ്പോൾ ശത്രുരാജ്യത്തിനെതിരായ വികാരം സ്വന്തം രാജ്യത്തെ മതത്തിനെതിരായ വികാരം സ്വന്തം രാജ്യത്തെ ന്യൂനപക്ഷത്തിനെതിരായി പ്രയോഗിക്കപ്പെടണം എന്ന ആശയത്തിന് ബീജാവാപം നൽകിയത് ഇരുരാജ്യങ്ങളിലെയും മതരാഷ്ട്ര വാദികളാണ്.
ബ്രിട്ടീഷുകാരന്റെ ഈ കുടിലതന്ത്രത്തിന് ഇന്ത്യക്ക് നൽകേണ്ടി വന്ന വില മോഹൻദാസ് കരം ചന്ദ് ഗാന്ധിയെന്ന മനുഷ്യന്റെ ജീവനായിരുന്നു. ഗാന്ധിജി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നുവന്നെ പ്രചരണങ്ങളുടെ ഒടുവിലാണ് ആർഎസ്എസ് പ്രവർത്തകനായിരുന്ന നാഥുറാം വിനായക് ഗോഡ്‌സേ രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ചത്.
'ഹേ റാം' എന്നു പറഞ്ഞുകൊണ്ട് പ്രാണൻ വെടിഞ്ഞത് മതരാഷ്ട്രവാദത്തെ ശക്തിയുക്തം എതിർക്കുന്ന തികഞ്ഞ ഹിന്ദുമത വിശ്വാസിയായിരുന്നു. ഈ ഹീനകൃത്യം നടപ്പിലാക്കിയത് ആർഎസ്എസിന്റെയും ഹിന്ദുമഹാ സഭയുടെ പ്രവർത്തകരും ചേർന്നാണെന്നത് മതരാഷ്ട്രവാദത്തിന്റെ തീവ്രത മനസ്സിലാക്കിത്തരുന്നു.
ഇതിനു സമാനമായ രീതിയിൽ സിപിഐ(എം) ന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കുവാനാണ് ആർഎസ്എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അവശതയനുഭവിക്കുന്നവർക്കു വേണ്ടിയാണ് സിപിഐ(എം) നിലകൊള്ളുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കണം എന്നതിന്റെ അടിസ്ഥാനത്തിലല്ല സിപിഐ(എം) ൽ കേഡർമാർ പ്രവർത്തിക്കുന്നത്. കൃത്യമായ രാഷ്ട്രീയബോധത്തോടെയാണ് സിപിഐ(എം) ലെ കേഡർമാർ പ്രവർത്തിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള കാലിടറലുകൾ എവിടെയെങ്കിലും സംഭവിക്കുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയത്തിന്റെ കുറവുതന്നെയാണ്.
നിരന്തരം ചർച്ചകൾ നടത്തുകയും തിരുത്തലുകളും ഉൾപ്പെടുത്തലുകളും ആവശ്യമായ ഘട്ടത്തിൽ അതു നടത്തിയും മുന്നോട്ടു പോകുന്ന സിപിഐ(എം) കേഡർമാർക്ക് തങ്ങളുടെ ആശയങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ട്.
സംഘപരിവാരത്തിന്റെ ുണപ്രചരണങ്ങൾ കൊണ്ട് ആശയക്കുഴപ്പങ്ങൾ കുറച്ചു പേരിൽ കുറച്ചു കാലത്തേക്ക് ഉണ്ടാക്കുവാൻ കഴിഞ്ഞേക്കാം. എല്ലാ നുണകൾക്കുമെന്ന പോലെ സംഘപരിവാരത്തിന്റെ നുണകൾക്കും ആയുസ്സുണ്ട്. അതവസാനിക്കുമ്പോൾ, തിരിച്ചറിവിന്റെ വെളിച്ചം തെറ്റിദ്ധരിക്കപ്പെട്ടവനിലേക്ക് കടന്നെത്തുമ്പോൾ സൂര്യശോഭയോടെ ഉയർന്നു നിൽക്കുവാൻ സിപിഐ(എം)ന് സാധിക്കുക തന്നെ ചെയ്യും.

No comments:

Post a Comment